District News
പത്തനംതിട്ട: 2026 പിറന്നശേഷം ഇതേവരെ നദികളിൽ നമുക്കു നഷ്ടം ഒന്പത് വിലപ്പെട്ട ജീവനുകൾ. ഇവയിൽ ഏഴുപേരും കുട്ടികളും യുവാക്കളും. നദികളുമായി ബന്ധപ്പെട്ട് അപകട സാധ്യതകൾ സംബന്ധിച്ചു പ്രചാരണങ്ങൾ ശക്തമായുള്ളപ്പോഴാണ് കുട്ടികളടക്കം മുന്നറിയിപ്പുകൾ അവഗണിച്ച് നദിയിലേക്ക് ചാടുന്നത്. ആഘോഷങ്ങളുടെ മറവിലാണ് പല അപകടങ്ങളും.
ഏറ്റവുമൊടുവിൽ പന്പാനദിയുടെ റാന്നി ഐത്തല കളരിക്കൽ കടവിൽ മരിച്ചത് രണ്ട് പ്ലസ്ടു വിദ്യാർഥികളാണ്. കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഓരോ അപകടങ്ങളിലും പൊലിയുന്നത്. വാർഷിക പരീക്ഷയുടെയും സ്കൂളുകളിലെ ആഘോഷങ്ങളുടെയും സമത്തൊക്കെയാണ് കുട്ടികൾ നദീ തീരങ്ങൾ വിശ്രമത്തിനും ആഹ്ലാദങ്ങൾ പങ്കിടാനുമൊക്കെ തെരഞ്ഞെടുക്കുന്നത്. പലപ്പോഴും ആളൊഴിഞ്ഞ പ്രദേശങ്ങളിലാകും ഇവർ എത്തപ്പെടുക. അപകടങ്ങൾ ഉണ്ടായാൽപോലും പുറംലോകം അറിയാൻ വൈകും.
2025ൽ നഷ്ടപ്പെട്ടത് 41 ജീവനുകൾ
2025ൽ ജില്ലയിൽ 41 പേർക്കാണ് നദികളിൽ ജീവൻ നഷ്ടപ്പെട്ടത്. ഇവയിൽ ഭൂരിഭാഗവും സ്കൂളിൽ പഠിക്കുന്ന കുട്ടികളായിരുന്നു. കൂട്ടമായെത്തുന്ന കുട്ടികളിൽ ഒരാൾ വെള്ളത്തിൽ വീണാൽ തൊട്ടുപിന്നാലെ ആരെങ്കിലുമൊക്കെ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. ആദ്യം വീഴുന്നയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ടാമനും മൂന്നാമനുമൊക്കെ അപകടത്തിൽപെട്ട സംഭവങ്ങൾ ജില്ലയിലുണ്ട്.
ഫയർഫോഴ്സിലെ കണക്കുകൾ പ്രകാരം പത്തനംതിട്ട -11, അടൂർ - 6, സീതത്തോട് - 2, തിരുവല്ല - 11,
കോന്നി -1, റാന്നി - 10 എന്നിങ്ങനെയാണ് ഫയർ സ്റ്റേഷനുകൾ തിരിച്ചുള്ള കണക്കുകൾ.
നദികളിൽ അപകടക്കെണികൾ
ശാന്തമായി ഒഴുകുന്നവയെന്ന് തോന്നാമെങ്കിലും പന്പ, മണിമല, അച്ചൻകോവിൽ നദികൾ പല ഭാഗങ്ങളിലും അപകടച്ചുഴികൾ നിറഞ്ഞതാണ്. 2018ലെ മഹാപ്രളയത്തിനുശേഷം നദികളുടെ ഘടനയിൽ മാറ്റംവന്നിട്ടുണ്ട്. അടിത്തട്ടിലുണ്ടായ മാറ്റമാണ് ഇതിനു കാരണം. ചെളി കൂടുതലായി അടിഞ്ഞതിനാൽ പലയിടങ്ങളിലും കയങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
മേൽത്തട്ടിലെ തെളിനീരിൽ ആഴക്കുറവ് തോന്നിക്കാമെങ്കിൽ കാല് ചവിട്ടുന്പോൾ താഴ്ന്നു പോകുകയാണ്. മുൻപരിചയമില്ലാത്തവർ ഇറങ്ങുന്പോൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആഴക്കുറവാണെന്നു ധരിച്ച് നദികളിലേക്ക് കുളിക്കാനിറങ്ങുന്നവർ പൊടുന്നെ ചുഴിയിൽ അകപ്പെട്ട് ആ്ങളിലേക്ക് മുങ്ങിപ്പോകുന്നതും കണ്ടുവരുന്നു. ഇത്തരത്തിൽ അപകട സാധ്യത കൂടിയ സ്ഥലങ്ങളാണ് ഏറെയുമുള്ളത്. കഴിഞ്ഞയിടെ സംഭവിച്ച അപകടങ്ങൾ പലതും ഇത്തരം സ്ഥലങ്ങളിലുമാണ്. നീന്തൽ വശമുള്ളവർക്കു പോലും രക്ഷപ്പെടാനാകാത്ത വിധമാണ് നദിയുടെ ഘടന.
ഫയർ സ്റ്റേഷനുകളും വിദൂരത്തിൽ
അടിയന്തരഘട്ടത്തിൽ പല മേഖലകളിലും ഫയർഫോഴ്സ് സംഘം എത്തിപ്പെടാനും വൈകും. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങളുള്ളത്.
മല്ലപ്പള്ളി മേഖലയിൽ തിരുവല്ലയിൽ നിന്നോ റാന്നിയിൽ നിന്നോ വേണം ഫയർഫോഴ്സ് എത്താൻ. മണിമലയാറ്റിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്നവരെ ഇതുമൂലം രക്ഷിക്കാൻ കഴിയാതെ വരുന്നു. കോഴഞ്ചേരിയിലും ആറന്മുളയിലും ഉണ്ടാകുന്ന അപകടങ്ങളിലും ഫയർഫോഴ്സ് എത്തേണ്ടത് പത്തനംതിട്ടയിൽ നിന്നോ ചെങ്ങന്നൂരിൽ നിന്നോ ഒക്കെയാണ്. ഇതും കാലതാമസത്തിനു കാരണമാകുന്നു.
കുടുംബങ്ങൾക്ക് നഷ്ടമായത് ഭാവി പ്രതീക്ഷകൾ
പത്തനംതിട്ട: റാന്നി - ഐത്തല കളരിക്കല് കടവില് പമ്പാനദിയില് രണ്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതോടെ നഷ്ടമായത് രണ്ട് കുടുംബങ്ങളുടെ ഭാവി പ്രതീക്ഷകൾ.
മൈലപ്ര വടക്കേമറ്റപ്പള്ളില് ബിജു സാം വര്ഗീസിന്റെ മകന് ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയില് ബിനുവിന്റെ മകന് ജോഷിന് ബിനു(17) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം ഐത്തലയിൽ മുങ്ങിമരിച്ചത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥികളായിരുന്ന ഇവർ ഉറ്റ സുഹത്തക്കളായിരുന്നു. തങ്ങളോടൊപ്പം പത്താംക്ലാസിൽ പഠിച്ചിരുന്ന ഏതാനും പേരെയും കൂട്ടി പത്ത് കുട്ടികൾ ഒന്നിച്ചാണ് ഇരുചക്രവാഹനങ്ങളിൽ ഐത്തലയിലെത്തിയത്.
സഹപാഠിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിരുന്നു സംഗമം. കുട്ടികൾ നദിയിൽ ഇറങ്ങുന്നത് സമീപത്തുണ്ടായിരുന്നവർ വിലക്കിയിരുന്നതായി പറയുന്നു. കളരിക്കൽ കടവിലെ അപകടസാധ്യത മനസിലാക്കാതെയാണ് ക്രിസും ജോഷിനും ഇറങ്ങിയത്.
ഇന്നലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. നാട്ടിലും മാതൃദേവാലയത്തിലും ഏറെ പ്രിയപ്പെട്ടവരായിരുന്ന രണ്ട് കുട്ടികളെയാണ് നഷ്ടമായത്. മലങ്കര കത്തോലിക്കാ ഇടവകകളിലെ അംഗങ്ങളായിരുന്ന ക്രിസും ജോഷിനും എംസിവൈഎം സജീവ പ്രവർത്തകരുമായിരുന്നു.
ഇരുകുടുംബങ്ങളിലെയും ഏക ആൺമക്കളുമായിരുന്നു ഇവർ. ക്രിസിന്റെ പിതാവ് ബിജു ഗൾഫിലാണ്. മാതാവ് ലിജിയും ഇരട്ടസഹോദരി ക്രിസ്റ്റീനയുമാണ് നാട്ടിലുള്ളത്. സംസ്കാരം നാളെ മൈലപ്ര തിരുഹൃദയ ദേവാലയത്തിലാണ്.
ജോഷിൻ ബിനുവിന്റെ സംസ്കാരം നാളെ കോന്നി മലങ്കര കത്തോലിക്കാ പള്ളിയിലാണ്. മാതാവ്: ബിന്ദു കൊട്ടാരക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.സഹോദരി: ലിയാ ബിനു.
മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി
ജില്ലയിൽ മുങ്ങിമരണങ്ങൾ ഏറുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുമായി ദുരന്ത നിവാരണ അഥോറിറ്റി രംഗത്തെത്തിയിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഏറുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ബോധവത്കരണം നടത്താനാണ് നിർദേശം
പരീക്ഷാ സമയത്തെ ഇടവേളകളിലും വേനൽ അവധി ദിനങ്ങളിലും കുട്ടികൾ നദികളുമായി ബന്ധപ്പെട്ട വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശമാണുള്ളത്. സുരക്ഷിതമായ ഇടങ്ങളിലാണ് കുട്ടികൾ സംഘടിക്കുന്നതെന്ന് ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
♦ പുഴകൾ, തോടുകൾ, ക്വാറികൾ, കുളങ്ങൾ എന്നിവിടങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വിടരുത്.
♦ എല്ലാ സ്കൂളുകളും അസംബ്ലികളിലും ക്ലാസ് തലങ്ങളിലും കുട്ടികൾക്ക് നിർദേശങ്ങൾ വിശദീകരിച്ച് നൽകണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നിർദേശിച്ചു.
♦ പരീക്ഷയ്ക്ക് മുമ്പും അവധിക്ക് മുമ്പും ജലസുരക്ഷാ ബോധവത്കരണ ക്ലാസുകൾ സ്കൂളുകളിൽ സംഘടിപ്പിക്കണം.
♦ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഈ സന്ദേശം എല്ലാ രക്ഷിതാക്കളിലും എത്തിക്കണം.
രക്ഷാപ്രവർത്തകർ സ്വന്തം സുരക്ഷ ഉറപ്പാക്കണം
നദികളുടെയും ജലാശയങ്ങളുടെയും ആഴവും സാഹചര്യവും വ്യത്യസ്തമായതിനാൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകടമുണ്ടായാൽ ഉടൻ തന്നെ ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടുകയാണ് വേണ്ടത്.
♦ പൊതു സ്ഥലങ്ങളിൽ അടിയന്തര ഫോഴ്സുകളുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം
♦ അപകടസാധ്യതയേറിയ കടവുകളിലും തടയണകൾക്ക് സമീപവും ആളുകൾ ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് അല്ലെങ്കിൽ ക്രാഷ് ബാരിയറുകൾ ഏർപ്പെടുത്തണം. കടവുകളിൽ പിടിച്ചു നിൽക്കാൻ സൗകര്യപ്രദമായ ചങ്ങലകളോ കൈവരികളോ സ്ഥാപിക്കണം.
♦ രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന തരത്തിലുള്ള റിഫ്ലക്ടീവ് ബോർഡുകൾ സ്ഥാപിക്കണം.
Kerala
റാന്നി: പന്പാനദിയുടെ ഐത്തല കളരിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോന്നി സ്വദേശി ജോഷിൻ ബിനു(17), മൈലപ്ര സ്വദേശി ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തിൽ പെട്ടത്.
മൈലപ്ര സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. റാന്നിയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. പത്തുപേർ സംഘത്തിലുണ്ടായിരുന്നുതായി പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് ഐത്തലക്കടവിൽ ഇവർ സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ബഹളംവച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം തെരച്ചിൽ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു കാരണം രാത്രിയോടെ നിർത്തിവച്ചു.
നദിയിൽ അടിയൊഴുക്ക് നല്ലതുപോലെയുള്ള ഭാഗത്താണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. സ്കൂബാ സംഘത്തിന്റെ സഹായത്തോടെ രാവിലെ തെരച്ചിൽ പുനരാരംഭിക്കും
NRI
ഹൂസ്റ്റൺ: ടെക്സസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസും മൂന്ന് വയസും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രാവിലെ 11.30 ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
Kerala
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം മലപ്പുറം പറപ്പൂരിലുണ്ടായ സംഭവത്തിൽ സൈനബ (50), ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്.
പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ദുരന്തമുണ്ടായത്. ഒരാളുടെ മൃതദേഹം വെള്ളത്തില് പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് മൃതദേഹങ്ങൾക്കൂടി കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയിൽ ഒന്നാം ക്ലാസുകാരി മുങ്ങി മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ.നെസീമയുടെയും മകൾ അബ്റാറ (ആറ്) ആണ് മരിച്ചത്.
കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കൂരാച്ചുണ്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കൊല്ലം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് അറ്റ്ലാൻ. സ്കൂൾ വാഹനത്തിൽ വന്നിറങ്ങി മുത്തച്ഛനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി മുത്തച്ഛന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി.
ബാഗ് വീട്ടിൽ വച്ച ശേഷം വീട്ടുകാർ അന്വേഷിച്ചപ്പോൾ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കൈത്തോടിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ശനിയാഴ്ച വൈകിട്ടാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്ച ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല. മരിച്ചയാളെ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണം ചെറുതുരുത്തി പോലീസ് ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
National
ചെന്നൈ: കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘമാണ് കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയത്. ഇതിനിടെ അഷ്മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥികൾ.